പാവറട്ടി തിരുനാള്‍ 24നും 25നും

തീര്‍ഥകേന്ദ്രത്തിലെ വിശുദ്ധ യൗസേപ്പിതാവിന്‍റെ മാധ്യസ്ഥതിരുനാള്‍ 24നും 25നും ആഘോഷിക്കും. 24ന് രാവിലെ പത്തിന് ഫാ. സജു വടക്കേത്തല നൈവേദ്യ പൂജാര്‍പ്പണം നടത്തും. തുടര്‍ന്ന് വികാരി ഫാ. നോബി അന്പൂക്കന്‍ നേര്‍ച്ചഭക്ഷണം ആശീര്‍വദിക്കുന്നതോടെ പ്രസിദ്ധമായ പാവറട്ടി നേര്‍ച്ചസദ്യയ്ക്ക് തുടക്കമാകും. രണ്ടുലക്ഷത്തോളം പേര്‍ക്കാണ് നേര്‍ച്ചസദ്യ. കൂടാതെ അരി, അവില്‍, നേര്‍ച്ച ഊണ് എന്നിവ പ്രത്യേക പാക്കറ്റുകളില്‍ ഒരുക്കും. വൈകീട്ട് അഞ്ചരയ്ക്ക് അതിരൂപത സഹായമെത്രാന്‍ മാര്‍ റാഫേല്‍ തട്ടിലിന്‍റെ മുഖ്യകാര്‍മികത്വത്തില്‍ സമൂഹബലി. ലൂര്‍ദ് കത്തീഡ്രല്‍ വികാരി ഫാ. ജോസ് പുന്നോലിപ്പറന്പിലാണ് സഹകാര്‍മികന്‍. വൈകീട്ട് ഏഴരയ്ക്കാണ് കൂടുതുറക്കല്‍ ശുശ്രൂഷ.തുടര്‍ന്ന് വിശുദ്ധന്‍റെ തിരുസ്വരൂപം എഴുന്നള്ളിച്ച് പള്ളിയുടെ മുഖമണ്ഡപത്തില്‍ സ്ഥാപിച്ച രൂപക്കൂട്ടില്‍ പൊതുവണക്കത്തിനായിവെയ്ക്കും. കരിമരുന്നിന്‍റെ മാസ്മരികതയാണ് പിന്നീട്. കുടുംബകൂട്ടായ്മകളുടെയും വിവിധ സമുദായങ്ങളുടെയും നേതൃത്വത്തിലുള്ള വളയെഴുന്നള്ളിപ്പുകള്‍ തീര്‍ഥകേന്ദ്രത്തിലേക്ക് ഇതേത്തുടര്‍ന്ന് പുറപ്പെടും. രാത്രി 12ന് വളയെഴുന്നള്ളിപ്പുകള്‍ ദേവാലയത്തിലെത്തി സമാപിക്കുന്നതോടെ വടക്കും തെക്കും വിഭാഗങ്ങളുടെ കരിമരുന്ന് കലാപ്രകടനത്തിന് തുടക്കമാകും. ഞായറാഴ്ച പുലര്‍ച്ചെ മൂന്നുമുതല്‍ ഒന്പതുവരെ ദിവ്യബലി. പത്തിന് ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്ക് ഒല്ലൂര്‍ പള്ളി സഹവികാരി ഫാ. ജസ്റ്റിന്‍ തടത്തിലാണ് മുഖ്യകാര്‍മികന്‍. ധര്‍മപുരം ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. സ്റ്റീഫന്‍ തച്ചില്‍ സിഎംഐ തിരുനാള്‍ സന്ദേശം നല്കും. തുടര്‍ന്ന് ഭക്തിനിര്‍ഭരമായ തിരുനാള്‍ പ്രദക്ഷിണം. വൈകീട്ട് അഞ്ചിനും ഏഴിനും ദിവ്യബലി. എട്ടാമിടം മേയ് രണ്ടിനാണ് ആഘോഷിക്കുന്നത്. നാളെ രാവിലെ അഞ്ചരയ്ക്ക് വിശുദ്ധ അന്തോണീസിന്‍റെ കപ്പേളയില്‍ അര്‍പ്പിക്കുന്ന ദിവ്യബലിക്കുശേഷം തിരുനാളിനു തുടക്കം കുറിച്ച് ഫാ. നോബി അന്പൂക്കന്‍ കൊടിയേറ്റും. തുടര്‍ന്ന് ഒന്പതുദിവസങ്ങളില്‍ നവനാള്‍ ആചരണവുമുണ്ടാകും. വൈകീട്ട് അഞ്ചിന് ആഘോഷമായ ദിവ്യബലിയും സന്ദേശവും നൊവേനയും തിരുക്കര്‍മങ്ങളും. പള്ളിമണ്ഡപത്തില്‍ പ്രത്യേകം സജ്ജീകരിക്കുന്ന വിശുദ്ധന്‍റെ തിരുസ്വരൂപത്തിനു മുന്നില്‍ ലില്ലിപ്പൂ, വള സമര്‍പ്പണത്തിനുള്ള സൗകര്യമൊരുക്കിയിട്ടുണ്െടന്ന് ഭാരവാഹികള്‍ വ്യക്തമാക്കി. വിശുദ്ധന്‍റെ ചിത്രം ആലേഖനം ചെയ്തിട്ടുള്ള സ്വര്‍ണം, വെള്ളി ലോക്കറ്റുകളും ഭക്തജനങ്ങള്‍ക്ക് ലഭ്യമാക്കും. തിരുനാള്‍ ആഘോഷത്തോടനുബന്ധിച്ച് നിര്‍ധന യുവതികളുടെ വിവാഹത്തിന് 15,000 രൂപ ധനസഹായം നല്കാനും പള്ളിക്കു കീഴിലുള്ള സാന്‍ജോസ് പാരിഷ് ആശുപത്രിയില്‍ കൊടിയേറ്റം മുതല്‍ തിരുനാള്‍ദിവസമായ 25 വരെ വരെ ഒ.പി ടിക്കറ്റ് സൗജന്യമായി നല്കാനും തീരുമാനിച്ചിട്ടുണ്ട്.

Unknown

Post a Comment

Previous Post Next Post