കുര്‍ബാനയ്ക്കുള്ള വീഞ്ഞ് പരിശോധിച്ചത് വിവാദമായി

സി.എസ്.ഐ. സഭയിലെ പള്ളികളില്‍ കുര്‍ബാനയ്ക്ക് ഉപയോഗിക്കുന്നതിന് സൂക്ഷിച്ചിരുന്ന വീഞ്ഞ് എകൈ്‌സസ് സംഘം പരിശോധനയ്ക്കായി എടുത്ത സംഭവം വിവാദമാകുന്നു. കോട്ടയം ജില്ലയില്‍ സി.എസ്.ഐ. ഈസ്റ്റ് കേരള മഹായിടവകയിലെ മേലുകാവ് മറ്റം ബുക്ക് ഡിപ്പോയില്‍നിന്ന് കഴിഞ്ഞ മൂന്നിന് വൈകീട്ടാണ് പാലാ എകൈ്‌സസ് സി.ഐ. ടി.എ.അശോക്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഒരുകുപ്പി വീഞ്ഞ് കൊണ്ടുപോയത്. വീഞ്ഞില്‍ ആല്‍ക്കഹോളിന്റെ അംശം കലര്‍ന്നിട്ടുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് പരിശോധിക്കാനാണ് കൊണ്ടുപോയതെന്ന് എകൈ്‌സസ് വിഭാഗം പറയുന്നു.

എന്നാല്‍, പള്ളികളില്‍ വിശുദ്ധകുര്‍ബാനയ്ക്ക് ഉപയോഗിക്കുന്നതിനായുള്ള വീഞ്ഞായിരുന്നു ഇതെന്ന് സഭാ അധികൃതര്‍ അറിയിച്ചു.
സംസ്ഥാന എകൈ്‌സസ് ജോയിന്റ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് മേലുകാവുമറ്റത്ത് അന്വേഷണത്തിനെത്തിയതെന്ന് പാലാ എകൈ്‌സസ് സി.ഐ. ടി.എ.അശോക്കുമാര്‍ അറിയിച്ചു.

മേലുകാവുമറ്റത്തുള്ള ഒരു ബേക്കറിയില്‍നിന്ന് വീഞ്ഞ് വാങ്ങി കുടിച്ചയാള്‍ കുഴഞ്ഞുവീണു എന്ന വിവരമാണ് കമ്മീഷണര്‍ക്ക് ലഭിച്ചത്. ബേക്കറിയില്‍ അന്വേഷിച്ചപ്പോള്‍ തൊട്ടടുത്ത ബുക്ക്സ്റ്റാളിലാണ് വീഞ്ഞുവില്പന നടക്കുന്നതെന്നറിഞ്ഞു. ഇവിടെയെത്തി ഒരുകുപ്പി വീഞ്ഞ് ബില്ലെഴുതി വിലയ്ക്കുവാങ്ങിയാണ് എകൈ്‌സസ് സംഘം കൊണ്ടുപോയതെന്നും സി.ഐ. അറിയിച്ചു.

വീഞ്ഞ് വാങ്ങിയത് ഈസ്റ്റ് കേരള മഹായിടവകയുടെ ബുക്ക് ഡിപ്പോയില്‍നിന്നാണെന്ന് പിന്നീടാണ് അറിഞ്ഞതെന്നും സി.ഐ. പറഞ്ഞു. ഇതുസംബന്ധിച്ച് കേസെടുക്കുകയോ മറ്റ് നടപടികള്‍ സ്വീകരിക്കുയോ ചെയ്തിട്ടില്ല. മതവിശ്വാസത്തെ മുറിപ്പെടുത്തുന്ന ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും അധികാരികള്‍ പറയുന്നു.

എന്നാല്‍, ലഹരിയുള്ള മദ്യമാണെന്നുപറഞ്ഞ് മേലുകാവുമറ്റത്തുള്ള ബുക്ക് ഡിപ്പോയില്‍നിന്ന് അനധികൃതമായി ഇത് എടുത്തുകൊണ്ടുപോവുകയായിരുന്നുവെന്ന് സഭാ പി.ആര്‍.ഒ. കെ.ഒ.ജോര്‍ജ് പറഞ്ഞു. വ്യാജ ആരോപണത്തിന്റെ പേരിലാണ് നടപടി. സഭാ ഭാരവാഹികള്‍ സ്ഥലത്തില്ലാതിരുന്ന സമയത്ത് ജീവനക്കാരെ ഭീഷണിപ്പെടുത്തിയാണ് വീഞ്ഞുകുപ്പി വാങ്ങിയത്. വീഞ്ഞ് എടുത്തതിന് രേഖ നല്‍കിയിട്ടില്ല -അദ്ദേഹം അറിയിച്ചു.

സംഭവത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി സ്വീകരിക്കണം. ഇത് ആവര്‍ത്തിക്കപ്പെടരുത്-അദ്ദേഹം ആവശ്യപ്പെട്ടു.
സംഭവത്തില്‍ പ്രതിഷേധിച്ച് വിശ്വാസികളും വൈദികരും ചൊവ്വാഴ്ച മേലുകാവുമറ്റത്ത് പ്രതിഷേധപ്രകടനം നടത്തി. എച്ച്.ആര്‍.സി.ടി. സെന്ററില്‍നിന്ന് ആരംഭിച്ച മാര്‍ച്ച് ടൗണ്‍ ചുറ്റി തിരികെയെത്തി സമാപിച്ചു. പ്രതിഷേധയോഗം സി.എസ്.ഐ. ഈസ്റ്റ് കേരള മഹായിടവക ബിഷപ്പ് റവ. ഡോ.കെ.ജി.ദാനിയേല്‍ ഉദ്ഘാടനം ചെയ്തു

Unknown

Post a Comment

Previous Post Next Post