പാവറട്ടി വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാള്‍; ഒരുക്കങ്ങള്‍ തുടങ്ങി, കൊടിയേറ്റം ആറിന്

ദക്ഷിണേന്ത്യയിലെ സുപ്രധാന തീര്‍ഥ കേന്ദ്രമായ പാവറട്ടി സെന്‍റ് ജോസഫ് തീര്‍ഥ കേന്ദ്രത്തിലെ വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാളിന് ഒരുക്കങ്ങള്‍ തുടങ്ങി. തിരുനാളാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് മേയ് ആറിന് സാഗര്‍ രൂപത ബിഷപ് മാര്‍ ആന്‍റണി ചിറയത്ത് കൊടിയേറ്റു കര്‍മം നിര്‍വഹിക്കും. 13, 14, 15 തീയതികളിലാണ് പ്രസിദ്ധമായ പാവറട്ടി തിരുനാള്‍ ആഘോഷിക്കുന്നത്.

കൊടിയേറ്റം മുതല്‍ തിരുനാള്‍ ദിനം വരെയുള്ള ദിവസങ്ങളില്‍ നവനാള്‍ ആചരണത്തിന്‍റെ ഭാഗമായി മാതാപിതാക്കള്‍, കുട്ടികള്‍, യുവജനങ്ങള്‍, ജീവിതാന്തസില്‍ പ്രവേശിക്കാത്തവര്‍, സമര്‍പ്പിതര്‍, രോഗികള്‍, ദന്പതികള്‍, തൊഴിലാളികള്‍ എന്നിവര്‍ക്കായി പ്രത്യേക പ്രാര്‍ഥനാ ശുശ്രൂഷകള്‍ ഉണ്ടാകും. ഫാ. ജോഷി കണ്ണൂക്കാടന്‍, ഫാ. ഷിജോ ചിരിയന്‍കണ്ടത്ത്, ഫാ. ജോവി കുണ്ടുകുളങ്ങര, ഫാ. സജു വടക്കേത്തല, ഫാ. ബിജു പൂത്തോട്ടാല്‍, ഫാ. ബാസ്റ്റിന്‍ ആലപ്പാട്ട്, ഫാ. ഷിജോ മാപ്രാണത്തുകാരന്‍, ഫാ. ജിന്‍റോ ചിറ്റിലപ്പിള്ളി എന്നിവര്‍ നവനാള്‍ ആചരണങ്ങള്‍ക്ക് നേതൃത്വം നല്‍കും. മേയ് 13ന് വൈകീട്ട് എട്ടിന് ദേവാലയ ദീപാലങ്കാരത്തിന്‍റെ സ്വിച്ച് ഓണ്‍കര്‍മം പാവറട്ടി ആശ്രമാധിപന്‍ ഫാ. സെബി പാലമറ്റത്ത് നിര്‍വഹിക്കും.

തുടര്‍ന്ന് ഫാന്‍സി വെടിക്കെട്ട് അരങ്ങേറും. 14ന് രാവിലെ 10 മണിക്കുള്ള നൈവേദ്യപൂജയ്ക്ക് തീര്‍ഥ കേന്ദ്രം വികാരി ഫാ. നോബി അന്പൂക്കന്‍ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് നേര്‍ച്ചഭക്ഷണ ആശീര്‍വാദവും നേര്‍ച്ചയൂട്ടും ആരംഭിക്കും.

വൈകീട്ട് 5.30ന് നടക്കുന്ന സമൂഹബലിക്ക് അതിരൂപത സഹായമെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് ഭക്തിസാന്ദ്രമായ കൂടുതുറക്കല്‍ ശുശ്രൂഷ നടക്കും. തുടര്‍ന്ന് പള്ളി കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള വെടിക്കെട്ട് അരങ്ങേറും.

വിവിധ കുടുംബ കൂട്ടായ്മകളുടെ നേതൃത്വത്തിലുള്ള വള എഴുന്നള്ളിപ്പുകള്‍ രാത്രി 12ന് തീര്‍ഥ കേന്ദ്രത്തിലെത്തി സമാപിക്കുന്നതോടെ വടക്ക് വിഭാഗത്തിന്‍റെ നേതൃത്വത്തിലുള്ള കരിമരുന്ന് കലാപ്രകടനം നടക്കും. ഞായറാഴ്ച പുലര്‍ച്ചെ മൂന്നുമുതല്‍ ഒന്പതുവരെ തീര്‍ഥ കേന്ദ്രത്തില്‍ ദിവ്യബലി ഉണ്ടാകും. 10നുള്ള ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്ക് ഫാ. ഡേവിസ് പുലിക്കോട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കും. റവ. ഡോ. വിന്‍സന്‍റ് കുണ്ടുകുളം തിരുനാള്‍ സന്ദേശം നല്‍കും. തിരുനാള്‍ ദിവ്യബലിയെ തുടര്‍ന്ന് ഭക്തിനിര്‍ഭരവും ആകര്‍ഷകവുമായ തിരുനാള്‍ പ്രദക്ഷിണം നടക്കും.

രാത്രി ഏഴിനുള്ള ദിവ്യബലിയെ തുടര്‍ന്ന് 8.30ന് തെക്കു വിഭാഗത്തിന്‍റെ വെടിക്കെട്ട് നടക്കും. തിരുനാളിനോടനുബന്ധിച്ച് ഒന്നര ലക്ഷത്തോളം പേര്‍ക്ക് നേര്‍ച്ച സദ്യ നല്‍കും. കൂടാതെ അരി, അവില്‍ നേര്‍ച്ച പാക്കറ്റുകളും വിതരണം ചെയ്യുന്നുണ്ട്.

തിരുനാളിനോടനുബന്ധിച്ചുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മേയ് ഒന്നിന് പ്രമുഖ ഹൃദ്രോഗ ഡോക്ടര്‍മാര്‍ നേതൃത്വം നല്‍കുന്ന സൗജന്യ ഹൃദ്രോഗ പരിശോധന ക്യാന്പും കൊടിയേറ്റം മുതല്‍ തിരുനാള്‍ ദിനംവരെയുള്ള ദിവസങ്ങളില്‍ തീര്‍ഥ കേന്ദ്രത്തിന് കീഴിലുള്ള സാന്‍ജോസ് പരീഷ് ഹോസ്പിറ്റലില്‍ ഡോക്ടര്‍മാരെ കാണുന്നതിന് സൗജന്യമായി ഒപി ടിക്കറ്റും നല്‍കുന്നുണ്ട്.

Unknown

Post a Comment

Previous Post Next Post