ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; തിരുനാളിന് വെള്ളിയാഴ്ച തുടക്കം

പാവറട്ടി സെന്റ്‌ജോസഫ്‌സ് തീര്‍ത്ഥാടന കേന്ദ്രത്തില്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലായി ആഘോഷിക്കുന്ന വി. യൗസേപ്പിതാവിന്റെ 135-ാം ഊട്ടുതിരുനാളിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വെള്ളിയാഴ്ച രാത്രി 8ന് പാവറട്ടി സെന്റ്‌തോമസ് ആശ്രമദേവാലയം പ്രയോര്‍ ഫാ.സെബി പാലമറ്റം ദീപാലങ്കാരം സ്വിച്ച്ഓണ്‍ ചെയ്യും. തുടര്‍ന്ന് വൈദ്യുതിത്തൊഴിലാളികളുടെ നേതൃത്വത്തില്‍ സാമ്പിള്‍ വെടിക്കെട്ടും തെക്ക് വെടിക്കെട്ട് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വൈക്കം ചന്ദ്രന്‍ നയിക്കുന്ന പഞ്ചവാദ്യവും അരങ്ങേറും.

ശനിയാഴ്ച രാവിലെ 10ന് നടക്കുന്ന നൈവേദ്യപ്പൂജയ്ക്ക് തീര്‍ത്ഥകേന്ദ്രം വികാരി ഫാ. നോബി അമ്പൂക്കന്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് നേര്‍ച്ച ഭക്ഷണ ആശീര്‍വാദവും നേര്‍ച്ചയൂട്ട് ആരംഭവും നടക്കും. ഒന്നരലക്ഷം പേര്‍ക്കുള്ള നേര്‍ച്ച ഭക്ഷണമാണ് ഒരുക്കുന്നത്. ഉച്ചയ്ക്ക് രണ്ടിന് വടക്ക് സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ നേതൃത്വത്തില്‍ നടയ്ക്കല്‍ മേളം അരങ്ങേറും. വൈകീട്ട് 5.30ന് സഹായമെത്രാന്‍ റാഫേല്‍ തട്ടിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ സമൂഹബലി ആരംഭിക്കും. 7.30ന് ആഘോഷമായ കൂടുതുറക്കല്‍ ശുശ്രൂഷ നടക്കും. തുടര്‍ന്ന് കുണ്ടന്നൂര്‍ സുന്ദരാക്ഷന്റെ നേതൃത്വത്തില്‍ പള്ളി വെടിക്കെട്ട് നടക്കും. രാത്രി 12ന് വളയെഴുന്നള്ളിപ്പുകള്‍ ദേവാലയത്തിലെത്തും. അത്താണി ജോഫിയുടെ നേതൃത്വത്തിലുള്ള വടക്ക്ഭാഗം വെടിക്കെട്ട് കമ്മിറ്റിയുടെ കരിമരുന്ന് കലാപ്രകടനത്തിന് തിരികൊളുത്തും.

ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മുതല്‍ രാവിലെ 9 വരെ തുടര്‍ച്ചയായ ദിവ്യബലി നടക്കും. 10ന് ഫാ.ഡേവിഡ്പുലിക്കോട്ടില്‍ കാര്‍മികനായി ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാനയും തിരുനാള്‍ പ്രദക്ഷിണവും നടക്കും. ഡോ. വിന്‍സെന്റ് കുണ്ടുകുളം തിരുനാള്‍ സന്ദേശം നല്‍കും. തുടര്‍ന്ന് സിമന്റ്-പെയിന്റ് തൊഴിലാളികളുടെ നേതൃത്വത്തില്‍ പ്രദക്ഷിണ വെടിക്കെട്ട് നടക്കും.

വൈകീട്ട് അഞ്ചിന് നടക്കുന്ന തമിഴ് കുര്‍ബാനയ്ക്ക് ഫാ.ആന്റണി വാഴപ്പിള്ളി കാര്‍മികനാകും. വൈകീട്ട് ഏഴിന് ദിവ്യബലിക്ക് ഫാ.ജോബ് അറയ്ക്കപറമ്പില്‍ കാര്‍മികനാകും. തുടര്‍ന്ന് 8.30ന് വടകര രാജന്റെ നേതൃത്വത്തില്‍ തെക്കുംഭാഗം വെടിക്കെട്ട് കമ്മിറ്റിയുടെ വെടിക്കെട്ട് നടക്കും. ആഘോഷക്കമ്മിറ്റി ഭാരവാഹികളായ സുബിരാജ് തോമസ്, സേവ്യര്‍ കുറ്റിക്കാട്, ഡേവീസ്​പുത്തൂര്‍, ഒ.എഫ്. ഫ്രാന്‍സീസ്, സി.വി. ഷൈജു, തോമസ് പള്ളത്ത് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Unknown

Post a Comment

Previous Post Next Post