പത്താം ക്ലാസ് സാമൂഹ്യപാഠത്തിലെ ഒന്നാംഅധ്യായം പിന്‍വലിക്കണം: കെസിബിസി


പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്ര പാഠാവലിയിലെ ഒന്നാം അധ്യായമായ "ആധുനിക ലോകത്തിന്‍റെ ഉദയം'എന്ന പാഠഭാഗത്തു കത്തോലിക്കാസഭയെ ആക്ഷേപിക്കാനും കുട്ടികളെ തെറ്റിദ്ധരിപ്പിക്കാനുമുള്ള ഗൂഢശ്രമമാണു നടത്തിയിരിക്കുന്നതെന്നു കേരളത്തിലെ കത്തോലിക്കാ മെത്രാന്മാരുടെ സമിതി (കെസിബിസി) ചൂണ്ടിക്കാട്ടി.

കത്തോലിക്കാസഭയുടെ വിശ്വാസപ്രമാണങ്ങള്‍ കാലഹരണപ്പെട്ടതാണെന്നു സമര്‍ഥിക്കുന്ന ഈ പാഠം പിന്‍വലിച്ചു പുതിയ പാഠപുസ്തകം തയാറാക്കി കുട്ടികളുടെ കൈയിലെത്തിക്കണമെന്നു കെസിബിസി പ്രസിഡന്‍റ് ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, വൈസ് പ്രസിഡന്‍റ് ആര്‍ച്ച്ബിഷപ് ഡോ.ഫ്രാന്‍സിസ് കല്ലറയ്ക്കല്‍, സെക്രട്ടറി ജനറല്‍ ആര്‍ച്ച്ബിഷപ് തോമസ് മാര്‍ കൂറിലോസ് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

സംസ്ഥാന ഗവേഷണ പരിശീലനസമിതി വേണ്ട രീതിയില്‍ പഠനം നട ത്താതെ എഴുതിയ പുസ്തകമാണിത്. പാശ്ചാത്യരാജ്യങ്ങളിലെ ഫ്യൂഡലിസം കത്തോലിക്കാ സഭയുടെ സൃഷ്ടിയാണെന്ന പാഠഭാഗത്തിലെ പ്രസ്താവന ഗ്രന്ഥസമിതിയുടെ അജ്ഞതയും നിലവാരത്തകര്‍ച്ചയുമാണു വ്യക്തമാക്കുന്നത്.

പാഠപുസ്തകത്തിലൂടെ കത്തോലിക്കാസഭയെ അവഹേളിക്കാനും തരം താഴ്ത്താനുമുള്ള ശ്രമം രാഷ്ട്രത്തിന്‍റെ മതേതരത്വ നിലപാടിനോടുള്ള അനാദരവും രാജ്യദ്രോഹക്കുറ്റവുമാണ്.

വിവേകത്തോടെയും പക്വതയോടെയും തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ സാധിക്കാത്ത പാഠപുസ്തക കമ്മിറ്റിയിലെയും സംസ്ഥാന ഗവേഷണ പരിശീലന സമിതിയിലെയും അംഗങ്ങളെ പിരിച്ചുവിട്ടു സമിതികള്‍ പുനഃസംഘടിപ്പിക്കേണ്ടതു രാജ്യത്തു മതേതരത്വം സംരക്ഷിക്കാന്‍ അത്യാവശ്യമാണെന്നു കെസിബിസി ഓര്‍മിപ്പിച്ചു.

Unknown

Post a Comment

Previous Post Next Post