പാവറട്ടി തിരുനാള്‍: ദീപപ്രഭ ചൊരിയാന്‍ ഒന്നരലക്ഷം ബള്‍ബുകള്‍

പാവറട്ടി സെന്റ് ജോസഫ്‌സ് തീര്‍ത്ഥകേന്ദ്രത്തിലെ വി. യൗസേപ്പിതാവിന്റെ ഊട്ടുതിരുനാളിന് ഒരുക്കങ്ങള്‍ ആരംഭിച്ചു. ചാഴൂര്‍ തട്ടുപറമ്പില്‍ കുടുംബാംഗം ലോറന്‍സ് തന്നെയാണ് ഇത്തവണയും രൂപക്കൂട് ഒരുക്കുന്നത്.

ഒന്നരലക്ഷം ബള്‍ബുകള്‍ ഉപയോഗിച്ച് ദീപാലങ്കാരം വൈവിധ്യമാര്‍ന്നതാക്കാനുള്ള തിരക്കിലാണ് ജെന്‍സന്‍ ചുങ്കത്തിന്റെ നേതൃത്വത്തിലുള്ള ഇലക്ട്രീഷ്യന്മാര്‍. ദീപാലങ്കാരം സ്വിച്ച് ഓണ്‍ കര്‍മം റിമോട്ട് കണ്‍ട്രോളിലാണ് പ്രവര്‍ത്തിപ്പിക്കുക. അരുളിക മുകളിലേയ്ക്കുയരുമ്പോള്‍ ധൂപക്കുറ്റിയില്‍നിന്ന് ഉയരുന്നതുപോലെ പുകച്ചുരുളുകള്‍ പ്രത്യക്ഷപ്പെടും. അന്നേരം റോസാപ്പൂക്കള്‍ വിടരും. ഈ സമയം പള്ളിമണികളുടെ ശബ്ദം ഒഴുകിയെത്തുന്ന പ്രതീതി അനുഭവപ്പെടും. ഇടവേളകളില്‍ വിശുദ്ധരുടെ തിരുസ്വരൂപങ്ങളും ദീപാലങ്കാരത്തില്‍ തെളിയും. വലതുഭാഗത്ത് അന്തോണീസ്, സെബസ്ത്യാനോസ്, തോമാശ്ലീഹ എന്നീ വിശുദ്ധരുടെ രൂപങ്ങള്‍ മിന്നിത്തെളിയുമ്പോള്‍ ഇടതുഭാഗത്ത് മദര്‍തെരേസ, കൊച്ചുത്രേസ്യ, അല്‍ഫോന്‍സാമ്മ എന്നിവരുടെ രൂപങ്ങളും ഉണ്ടാകും.

വെള്ളിയാഴ്ച രാത്രി എട്ടിന് സെന്റ് തോമസ് ആശ്രമാധിപന്‍ ഫാ. സെബി പാലമറ്റത്ത് ദീപാലങ്കാരം സ്വിച്ച്ഓണ്‍ നടത്തും.

തിരുനാളിനോടനുബന്ധിച്ച് നല്‍കാനുള്ള നേര്‍ച്ച പാക്കറ്റുകള്‍ തയ്യാറായി. അരി, അവില്‍ എന്നിവ നിറച്ച് 50,000 പാക്കറ്റുകളാണ് തയ്യാറാക്കിയിരിക്കുന്നത്. ഫ്രാന്‍സിസ്‌കന്‍ അല്‍മായസഭയില്‍പ്പെട്ട നൂറോളം പേര്‍ ചേര്‍ന്നാണ് നേര്‍ച്ച പാക്കറ്റുകള്‍ തയ്യാറാക്കിയത്. പാവറട്ടി തിരുനാള്‍ ഊട്ടുസദ്യയ്ക്ക് പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്കായാണ് പാക്കറ്റില്‍ നേര്‍ച്ച തയ്യാറാക്കുന്നത്. 14ന് രാവിലെ എട്ടുമുതല്‍ ഞായറാഴ്ച രാത്രി 10 വരെ പള്ളിയിലെ പ്രത്യേക കൗണ്ടറില്‍ നേര്‍ച്ച പാക്കറ്റുകള്‍ വഴിപാടായി വിശ്വാസികള്‍ക്ക് വിതരണം ചെയ്യും. 10 രൂപയാണ് നിരക്ക്.

Unknown

Post a Comment

Previous Post Next Post