മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് കര്‍ദിനാള്‍ പദവി

കൊച്ചി: സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിയെ കര്‍ദിനാള്‍ സ്ഥാനത്തേക്ക് ഉയര്‍ത്തി. സഭാ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ കൂരിയ ബിഷപ്പ് മാര്‍ ബോസ്‌കോ പുത്തൂരാണ് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ സന്ദേശം സഭാമക്കളെ അറിയിച്ചത്.

ഫിബ്രവരി 18ന് വത്തിക്കാനില്‍ നടക്കുന്ന സ്ഥാനാരോഹണ ചടങ്ങില്‍ മാര്‍ ആലഞ്ചേരിക്ക് സ്ഥാന ചിഹ്നങ്ങളും വസ്ത്രങ്ങളും നല്‍കും.

ഫിബ്രവരിയില്‍ വത്തിക്കാനില്‍ നടക്കുന്ന കര്‍ദിനാള്‍ സംഘത്തിന്റെ യോഗത്തിന് ഒരുക്കമെന്ന നിലയിലാണ് പുതിയ കര്‍ദിനാള്‍മാരെ മാര്‍പാപ്പ നിയമിച്ചത്. കത്തോലിക്ക സഭയുടെ പൊതുവായ ഭരണകാര്യങ്ങളില്‍ മാര്‍പാപ്പയുടെ അടുത്ത സഹായികളാണ് കര്‍ദിനാള്‍ മാര്‍. പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള അവകാശവും കര്‍ദിനാള്‍മാര്‍ക്കാണ്.

യേശുവിന് മാമോദീസ നല്‍കിയ ദനഹ തിരുനാള്‍ ദിനത്തില്‍ തന്നെ കര്‍ദിനാള്‍ പദവി ലഭിച്ചത് സീറോ മലബാര്‍ സഭയ്ക്കുള്ള വലിയ അംഗീകാരമാണ്. സീറോ മലബാര്‍ സഭയുടെ നാലാമത്തെ കര്‍ദിനാളാണ് മാര്‍ ആലഞ്ചേരി. കാലംചെയ്ത കര്‍ദിനാള്‍മാരായ ജോസഫ് പാറേക്കാട്ടില്‍, ആന്റണി പടിയറ, വര്‍ക്കി വിതയത്തില്‍ എന്നിവരാണ് മുന്‍ഗാമികള്‍. വെള്ളിയാഴ്ച വത്തിക്കാനില്‍ മാര്‍പാപ്പ കര്‍ദിനാള്‍മാരെ പ്രഖ്യാപിച്ച അതേസമയം തന്നെയാണ് മൗണ്ട് സെന്റ് തോമസിലും പ്രഖ്യാപനം നടന്നത്. 22 കര്‍ദിനാള്‍മാരെയാണ് സഭ പുതുതായി വാഴിക്കുന്നത്.

സീറോ മലബാര്‍ സഭയുടെ മൂന്നാമത്തെ മേജര്‍ ആര്‍ച്ച്ബിഷപ്പായി കന്യാകുമാരി തക്കല രൂപത ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിയെ ഇക്കഴിഞ്ഞ മെയ് 26നാണ് തിരഞ്ഞെടുത്തത്. സീറോ മലബാര്‍ സിനഡ് ചരിത്രത്തിലാദ്യമായി വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ ആര്‍ച്ച് ബിഷപ്പാണ് അദ്ദേഹം. കാലംചെയ്ത കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിന്റെ പിന്‍ഗാമിയായിട്ടാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത്. ചങ്ങനാശ്ശേരി അതിരൂപതയിലെ തുരുത്തി ഇടവകയില്‍ ആലഞ്ചേരിയില്‍ പീലിപ്പോസ് - മേരി ദമ്പതിമാരുടെ മകനാണ് മാര്‍ ആലഞ്ചേരി.

Unknown

Post a Comment

Previous Post Next Post