വി. സെബസ്ത്യാനോസ് ധരയിന്മേല് മര്ത്യനു മാതൃക നീ

സ്നേഹമുറിവുകളുടെ വിശുദ്ധനായ വി. സെബസ്ത്യാനോസിന്റെ തിരുനാള് നാം ഈ മാസം സാഘോഷം കൊണ്ടാടുകയാണ്. ‘നിങ്ങള്ക്ക് പരസ്പരം സ്നേഹം ഉണ്ട്യെങ്കില് നിങ്ങള് എന്റെ ശിഷ്യര് തന്നെയെന്ന് അതുമൂലം എല്ലാവരും അറിയും.’ (യോഹ 13: 3435). സ്നേഹത്തിന്റെ ഈ ക്രിസ്തുഭാഷ്യം അനുസരിച്ച് മുറിവുകളേറ്റ് ജീവനര്പ്പിച്ച് ദൈവത്തേയും സഹോദരനേയും സ്നേഹിച്ച വിശുദ്ധനാണ് സെബസ്ത്യാനോസ്. എ. ഡി. 225ല് ഫ്രാന്സിലെ നര്ബോണില് ജനിച്ച സെബസ്ത്യാനോസ് 28ാമത്തെ വയസ്സില് റോമന് സൈന്യത്തില് ചേര്ന്നു. ഡയോക്ലീഷന് ചക്രവര്ത്തിയുടെ സൈന്യാധിപനായിരിക്കെ ചക്രവര്ത്തി ക്രിസ്ത്യാനികളെ പീഢിപ്പിക്കുന്നത് എതിര്ക്കുകയും താന് ക്രിസ്ത്യാനിയാണെന്ന് ഏറ്റു പറഞ്ഞതു നിമിത്തം സെബസ്ത്യാനോസ് ആദ്യം അന്പെയ്യപ്പെടുകയും പിന്നീട് ഗദയ്ക്കടിക്കപ്പെട്ട് എ. ഡി. 288ല് മരണമടയുകയും ചെയ്തു. അന്പുകളേറ്റ് നിണമൊഴുകി നില്ക്കുന്ന സെബസ്ത്യാനോസിനെയാണ് നമുക്ക് പരിചയം. അവനേറ്റ മുറിവുകള് സ്നേഹത്തിന്റെ മുറിവുകള് ആയിരുന്നു. രക്തം ചിന്തി രക്ഷിച്ച ദൈവത്തെ രക്തം ചിന്തി സ്നേഹിച്ച ക്രിസ്തു ശിഷ്യന്. സെബസ്ത്യാനോസിന്റെ മുറിവുകളുടെ പിറകില് ദൈവസ്നേഹത്തിന്റെ ലംബമാനത്തോടൊപ്പം സഹോദരസ്നേഹത്തിന്റെ തിരശ്ചീനതലവുമുണ്ട് എന്ന് നാം അറിയുക. തടവറയില് ക്രിസ്തു വിശ്വാസം ഉപേക്ഷിക്കാന് തീരുമാനിച്ചവരെ പിന്തിരിപ്പിച്ചതിനാലും റോമന് ഗവര്ണറെപോലും ക്രിസ്ത്യാനിയാക്കിയതിനാലുമാണ് സെബസ്ത്യാനോസ് ശിക്ഷിക്കപ്പെട്ടത് എന്ന് ചരിത്രം. തന്റെ വിശ്വാസത്യാഗം ഏറെപേരുടെ വിശ്വാസത്യാഗത്തിനും നാശത്തിനും കാരണമാകുമെന്ന ഭീതിയും തന്റെ രക്തസാക്ഷിത്വം ഏറെപ്പേരെ വിശ്വാസത്തില് ഉറപ്പിക്കാന് കാരണമാകുമെന്ന തിരിച്ചറിവുമാണ് രക്ഷപ്പെടാനുണ്ടായിരുന്ന അവസരങ്ങള് എല്ലാം ഉപേക്ഷിച്ച് രക്തസാക്ഷിയാവാന് അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ഏറെ പേരെ ക്രിസ്തു വിശ്വാസികളാക്കാന് വിശ്വാസത്തില് ഉറപ്പിച്ച് നിര്ത്താന് സെബസ്ത്യാനോസ് ചിന്തിയ രക്ത തുള്ളികള് ഇടയാക്കി എന്ന് പിന്നിട്ട നൂറ്റാണ്ടുകള് സാക്ഷ്യപ്പെടുത്തുന്നു. ക്രിസ്തീയ ജീവിതം നമ്മില് നിന്ന് ആവശ്യപ്പെടുന്ന ത്യാഗങ്ങളില് അഭിമാനിക്കാനുള്ള കൃപയ്ക്കായി, വിശ്വാസത്തിന്റെ നിര്മ്മലത കാത്ത് സൂക്ഷിക്കാന് നാം ഏല്ക്കുന്ന അന്പുകളെ രക്തസാക്ഷിത്വത്തിലേയ്ക്കുള്ള വഴികളായി കാണുന്നതിനുള്ള ഉള്ക്കാഴ്ചക്കായി, നമുക്ക് ചുറ്റുമുള്ള തിന്മയുടെ അധികാരസ്വരങ്ങളെ രക്തം ചിന്തിയും തിരുത്താന് വേണ്ട ആത്മശക്തിക്കായി വിശുദ്ധനോട് നമുക്ക് പ്രാര്ത്ഥിക്കാം. വി. സെബസ്സ്ത്യാനോസേ ധരയിന്മേല് മര്ത്യനു മാതൃക നീ, വിനയമോടെ വന്ദനമരുളിടാം.... പുതുവര്ഷത്തിന്റെ എല്ലാ മംഗളങ്ങളും നേര്ന്നുകൊണ്ട് സ്നേഹത്തോടെ സജിയച്ചന്

Unknown

Post a Comment

Previous Post Next Post